തിരുവനന്തപുരം: സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരേ ഇടതുമുന്നണി സമരത്തിലേയ്ക്ക്. നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദന്‍ പറഞ്ഞു. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ തലത്തിലും പ്രതിഷേധം ഉണ്ടാകും. നവംബര്‍ രണ്ടിന് വിദ്യാഭ്യാസ വിദഗ്ദരെ ഉള്‍പ്പെടുത്തി കണ്‍വന്‍ഷന്‍ നടത്താനും തീരുമാനമായി.
ഗവര്‍ണറുടേത് അധികാര ദുര്‍വിനിയോഗമെന്നു ഇടതുമുന്നണി യോഗത്തില്‍ അഭിപ്രായമുണ്ടായി. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനാണ് ഗവര്‍ണറുടെ ശ്രമം. നിയമ വിരുദ്ധമായി സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ആര്‍.എസ്.എസ് അനുഭാവികളെ തിരുകിക്കയറ്റാനാണ് ശ്രമമെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറയുന്നത് വമ്പത്തരം മാത്രമാണ്. ചാന്‍സലര്‍ പദവില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നത് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.