തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോഡിലെ തടസങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇന്ന് സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്തെ റോഡുകളിലെ തടസങ്ങളടക്കം മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നുമായിരുന്നു കഴിഞ്ഞ തവണ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവെ ഹൈക്കോടതി നല്‍കിയ നിര്‍ദേശം.
സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ പൊലീസിന് കഴിയില്ലെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും അദാനി ഗ്രൂപ്പ് വാദിച്ചിരുന്നു. അതേ സമയം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാല്‍ മരണം വരെ സംഭവിക്കാം. ക്രമസമാധാനം ഉറപ്പാക്കുന്നുണ്ടെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.
റോഡ് ഉപരോധത്തിന്റെ കാര്യത്തില്‍ കോടതിയെ പഴിചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സിംഗിള്‍ ബഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളില്‍ ലത്തീന്‍ അതിരൂപതയും കക്ഷി ചേരല്‍ അപേക്ഷ നല്‍കിയിരുന്നു.