തിരുവനന്തപുരം: ഗവര്‍ണറുടെ കത്തിനെപ്പറ്റി കാര്യമായി പ്രതികരിക്കാതെ ഒഴിഞ്ഞു മാറി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 'ഞാന്‍ കത്ത് കണ്ടിട്ടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലാണ് കത്തിടപാട് നടന്നത്. ഗവര്‍ണറുടെ കത്തിന്റെ മെറിറ്റിലേയ്ക്ക് കടന്ന് പ്രതികരിക്കുന്നില്ല. ഞാന്‍ എല്ലാം പരസ്യമായി പറഞ്ഞ കാര്യങ്ങളാണ്.'- ബാലഗോപാല്‍ പറഞ്ഞു.
ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ധനമന്ത്രിയെ പുറത്താക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടു. ബാലഗോപാലിന്റെ ഗവര്‍ണര്‍ക്കെതിരായ പ്രസംഗമാണ് നടപടിക്കാധാരം. അതേസമയം പ്രീതി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും തുടര്‍ നടപടി എടുക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി.