കൊച്ചി: കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാലോടെ ബാറിലെ റിസപ്ഷനിൽ ആണ് വെടിവെപ്പുണ്ടായത്. രണ്ട് റൗണ്ട് വെടിയുതിർത്ത ശേഷം രണ്ട് യുവാക്കൾ പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കയറി കടന്നു കളഞ്ഞു.
മദ്യപിച്ച് ബില്ല് തുക കൊടുത്തതിനു ശേഷം പ്രകോപനം ഒന്നുമില്ലാതെയാണ് യുവാക്കൾ ചുവരിലേക്കു വെടിയുതിർത്തത്. വെടി ഒച്ച കേട്ട് എല്ലാവരും സ്തംഭിച്ചു നിൽക്കേ ഇരുവരും ബാറിനു പുറത്തിറങ്ങി കടന്നുകളഞ്ഞു.
സംഭവം നടന്ന് മൂന്ന് മണിക്കൂറിനു ശേഷമാണ് ബാർ ജീവനക്കാർ പൊലീസിൽ അറിയിച്ചത്. പൊലീസ് ഉടൻ എത്തി ബാർ ബന്തവസിലാക്കി. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് യുവാക്കളുടെ ചിത്രം ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.