ഗവര്‍ണറുടെ നോട്ടീസിന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനകം മറുപടി നല്‍കണം.
കൊച്ചി: ജോലിയില്‍ നിന്ന് പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിവരെ സമയം നീട്ടി നല്‍കി ഹൈക്കോടതി. സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്.
രാജി വെയ്ക്കണമെന്ന ഗവര്‍ണരുടെ നോട്ടീസ് നേരത്തെ റദ്ദാക്കിയിരുന്നതായി വൈസ് ചാന്‍സിലര്‍മാര്‍ അറിയിച്ചു. ആദ്യ നോട്ടീസ് റദ്ദാക്കിയതിനാല്‍ അത് അനുസരിച്ചില്ല എന്ന കാരണത്താല്‍ രണ്ടാമത് നോട്ടീസ് അയക്കാന്‍ ആകില്ല. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും വിസിമാര്‍ വാദിച്ചു.
നിയമനത്തില്‍ ക്രമകേട് ഉണ്ടെങ്കില്‍ വിസിമാരുടെ നിയമനം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീ കോടതി വിധി പ്രാവര്‍ത്തികം ആക്കുക മാത്രമല്ലേ ചാന്‍സലര്‍ ചെയ്തുള്ളൂ എന്ന് കോടതി ചോദിച്ചു. ചാന്‍സലര്‍ക്ക് സുപ്രീം കോടതിയോട് മറുപടി പറയാന്‍ ബാധ്യസ്ഥത ഉണ്ട്. കോടതി വിധി പ്രകാരം ചാന്‍സലര്‍ക്ക് ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
നോട്ടീസിന് രണ്ട് വിസിമാര്‍ മറുപടി നല്‍കി എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനകം എല്ലാ വിസിമാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് ചെവ്വാഴ്ച വീണ്ടും പരിഗണിക്കും.
മുന്‍ കേരള സര്‍വകലാശാല വിസി മഹാദേവന്‍ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവര്‍ണറുടെ നടപടി നിയമപരമല്ലന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസവും ഹര്‍ജിക്കാരോട് ചോദിച്ചത്.
യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 24 മണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് ഗവര്‍ണര്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.