തിരുവനന്തപുരം: സർക്കാർ നിർദേശിച്ച പേരുകൾ തള്ളിക്കളഞ്ഞ് എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസിന് നൽകി രാജ്ഭവൻ ഉത്തരവിറക്കി.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്. നിലവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ.
വൈസ് ചാൻസലർ ആയിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു പുതിയ വി.സി നിയമനത്തിന് നടപടി സ്വീകരിച്ചത്. ഡോ. രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.
ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.