തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു മുതല്‍ നവംബര്‍ ആറ് വരെ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കേരളാ തീരത്തിനും തമിഴ്‌നാടിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ ന്യൂനമര്‍ദ്ദ പാത്തിയും ഉണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തെക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.