ജില്ലയിലെ ജനപ്രതിനിധികൾ ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കണം - മാർ ജോൺ നെല്ലിക്കുന്നേൽ

ജില്ലയിലെ ജനപ്രതിനിധികൾ ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കണം - മാർ ജോൺ നെല്ലിക്കുന്നേൽ

ചെറുതോണി: ജില്ലയിലെ ജനപ്രതിനിധികൾ ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂപതാ കാര്യലയത്തിൽ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കെതിരെ നടന്ന രണ്ടാംഘട്ട സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മറ്റു ജില്ലകളിലേതു പോലെ ഇടുക്കിയിലുള്ള മനുഷ്യരും അവകാശങ്ങൾ ഉള്ളവരാണ്. ഒരു മത വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല ഇടുക്കിയിലേത്. മുഴുവൻ ജന വിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ഭൂപ്രശ്നത്തിലുണ്ടാവണം. ബഫർ സോൺ വിഷയത്തിൽ കത്തോലിക്കാ കോൺഗ്രസിന്റെ ധീരമായ ഇടപെടലും സമരങ്ങളും ജനങ്ങളിൽ പ്രത്യാശയുണർത്തിയിരുന്നു. ജില്ലയിലെ ജനങ്ങളോട് ഭരണകൂടം വർഷങ്ങളായി അവഗണന തുടരുകയാണ്. ജില്ലയിലെ പ്രശ്നങ്ങളിൽ ജനങ്ങൾക്കു വേണ്ടി സംസാരിക്കാനും നിയമ നിർമ്മാണം നടത്താനും ആരുമില്ലാത്ത അവസ്ഥയാണ്. രണ്ടാം തരം പൗരന്മാരായാണ് ഇടുക്കിയിലെ ജനങ്ങളെ സർക്കാർ കാണുന്നത്. ജില്ലയിൽ നിന്നും സ്വയം ഒഴിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് രൂപതയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ബിഷപ്പ് പറഞ്ഞു. 

രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കലിന് ബിഷപ്പ് പതാക കൈമാറി രണ്ടാം ഘട്ട സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട സമരങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഭൂവിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പ് നൽകി രുന്നെങ്കിലും ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് എകെസിസിയുടെ നേതൃത്വത്തിൽ ഇടുക്കി രൂപത രണ്ടാം ഘട്ട സമര പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, ബഫർ സോൺ വനത്തിനുള്ളിൽ മാത്രമായി നിലനിർത്തുക, നിർമ്മാണ നിരോധനം പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുക വനാതിർത്തികളിലെ കുടിയിറക്ക് നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതി രണ്ടാം ഘട്ട കർഷക സമരത്തിന് തയ്യാറെടുക്കുന്നത്.

യൂണിറ്റുകൾ കേന്ദ്രീകരിച്ചുള്ള സമരങ്ങൾക്കാണ് കത്തോലിക്കാ കോൺഗ്രസ് നേതൃത്വം നൽകുക.
എകെസിസി രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. ദീപിക സീനിയർ റിപ്പോർട്ടർ കെ.എസ്. ഫ്രാൻസിസ് വിഷയാവതരണം നടത്തി. രൂപതാ ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ട്രഷറർ ബേബി കൊടകല്ലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.