തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. അടുത്ത തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് പ്രവചനം.
ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചേക്കും. ഇന്ന് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് ശനിയാഴ്ചയോടെ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് – പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനാണ് സാധ്യത.