അജ്മാനില്‍ ഗതാഗത പിഴയില്‍ ഇളവ്

അജ്മാനില്‍ ഗതാഗത പിഴയില്‍ ഇളവ്

അജ്മാന്‍: ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴയില്‍ അജ്മാന്‍‍ 50 ശതമാനം ഇളവ് പ്രറ്യാപിച്ചു.അജ്മാന്‍ പൊലീസ് ചീഫ് കമാന്‍റർ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2022 നവംബർ 11 ന് മുന്‍പ് ലഭിച്ച പിഴകള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക.

2022 നവംബർ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് പിഴയിളവ് ലഭ്യമാവുക. അജ്മാന്‍ എമിറേറ്റില്‍ നടന്ന എല്ലാ ഗതാഗത നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണ്. അതേസമയം, മറ്റുളളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, വേഗപരിധി കടന്ന് വാഹനമോടിക്കുക, വാഹനത്തിന്‍റെ എഞ്ചിന്‍ ഘടനയില്‍ മാറ്റം വരുത്തിയതിന് ലഭിച്ച പിഴ തുടങ്ങിയവയൊന്നും ആനുകൂല്യത്തിന്‍റെ പരിധിയില്‍ വരില്ല. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ വഴിയോ സഹേൽ ഇലക്ട്രോണിക് പേയ്‌മെന്‍റ്​ വഴിയോ അജ്മാൻ പൊലീസിന്‍റെ സേവന കേന്ദ്രങ്ങളിൽ നേരിട്ടോ സ്മാർട്ട് പേമെന്‍റ്​ ചാനലുകൾ വഴിയോ പണമടക്കാന്‍ സൗകര്യമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.