മോട്ടോര്‍ വാഹന വകുപ്പില്‍ ഡിജിറ്റലൈസേഷന്‍; ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന ഒഴികെയുള്ള സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ

മോട്ടോര്‍ വാഹന വകുപ്പില്‍ ഡിജിറ്റലൈസേഷന്‍; ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന ഒഴികെയുള്ള സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം: ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ വന്നതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ക്ലാസ്സ് സറണ്ടര്‍, ഡ്രൈവിംഗ് ലൈസന്‍സിലെ പേരും ജനന തിയതിയും തിരുത്തല്‍, ഫോട്ടോയുടെയും ഒപ്പിന്റെയും ബയോമെട്രിക് മാറ്റം, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കലും അഡ്രസ്സ് മാറ്റവും തുടങ്ങിയ ഏഴ് സേവനങ്ങള്‍ കൂടി സാരഥി പോര്‍ട്ടറിലൂടെ ഓണ്‍ലൈനായി ചെയ്യാം.

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആവശ്യമായ സോഫ്റ്റ് വെയര്‍ ക്രമീകരണങ്ങള്‍ നടത്തിയാണ് പരിഷ്‌കാരം പൂര്‍ത്തിയാക്കിയത്.

ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഓഫീസിലെത്താതെ തന്നെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ സേവനങ്ങള്‍ ലഭ്യമാകും. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന തുടങ്ങിയവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകും.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.