തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി അടക്കം പലയിടങ്ങളിലും ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴ നാളെയും തുടരും. ഇടുക്കി അടക്കം ഒന്‍പത് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം. കേരളാ തീരത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം തമിഴ്‌നാട്ടില്‍ ശക്തമായ മഴയാണ്. നിരവധി ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപ്പേട്ട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ടുള്ളത്. കൃഷ്ണഗിരി, ധര്‍മ്മപുരി, സേലം, നാമക്കല്‍, തിരുച്ചിറപ്പള്ളി, കരൂര്‍, ഈറോഡ്, നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഡിണ്ടിഗല്‍, തേനി, മധുരൈ, വിരുദുനഗര്‍, തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.
അടുത്ത മൂന്ന് മണിക്കൂറില്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി ജില്ലകളില്‍ കനത്ത മഴ യുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്.