തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പൊലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറുണ്ടായി. പിന്നാലെ പൊലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം നഗരസഭയ്ക്ക് അകത്തും പുറത്തും നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
കല്ലേറിന് പിന്നില്‍ തങ്ങളല്ലെന്നും യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ പരിസരത്ത് നിന്നാണ് കല്ലേറുണ്ടായതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഹോസ്റ്റലിനുള്ളിലെ എസ് എഫ്‌ഐ പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കല്ലേറുണ്ടായതോടെ ഹോസ്റ്റലിനുള്ളിലേക്ക് തള്ളി കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിടപെട്ട് പിന്തിരിപ്പിച്ചതോടെയാണ് വലിയ സംഘര്‍ഷം ഒഴിവായത്.