കൊച്ചി: കോണ്‍ഗ്രസിലെ ആരോടും അമര്‍ഷമില്ലെന്ന് ശശി തരൂര്‍ എംപി. തന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി. തനിക്ക് എല്ലാവരെയും കാണുന്നതിനും സംസാരിക്കുന്നതിലും ബുദ്ധിമുട്ടുകളോ തടസങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം മിണ്ടാതിരിക്കാന്‍ തങ്ങള്‍ കുട്ടികളല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരനുമായി നല്ല ബന്ധം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് തരൂര്‍ പരാമര്‍ശം നടത്തിയത്. കൊച്ചിയില്‍ നടക്കുന്ന കോണ്‍ക്ലേവിന്റെ ഉദ്ഘാടകന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനായിരുന്നു. എന്നാല്‍ ഇന്നെലയാണ് അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
ചടങ്ങില്‍ മുഖ്യപ്രഭാഷകനാണ് തരൂര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുവരും ഓരേ വേദിയിലെത്തുമെന്നതായിരുന്നു കോണ്‍ക്ലേവിന്റെ പ്രസക്തി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിലവില്‍ തരൂരുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ രണ്ട് തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവരും ഒരു വേദിയില്‍ എത്തുമ്പോള്‍ കെ. സുധാകരന്‍ എന്ത് സമീപനം സ്വീകരിക്കുമെന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ശശി തരൂരും വി ഡി സതീശനും വ്യത്യസ്ത സമയങ്ങളിലാകും പങ്കെടുക്കുന്നത്.