ഇടുക്കി: കടയില്‍ നിന്ന് സ്ഥിരമായി മോഷണം നടത്തുന്ന പൊലീസുകാരനെ കടയുടമ കൈയ്യോടെ പിടികൂടി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. പാമ്പനാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തിലാണ് പൊലീസുകാരന്‍ മോഷണം നടത്തിയത്. പിടിവീണതോടെ പണം നല്‍കി ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
1000 രൂപയാണ് ഇയാള്‍ കടയില്‍ നിന്ന് മോഷ്ടിച്ചത്. തുടര്‍ന്ന് പിടിയിലായതോടെ 40,000 നല്‍കി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഈ കടയില്‍ നിന്ന് ഒരിക്കല്‍ നിരോധിത പുകയിലെ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. അന്ന് മുതല്‍ ഉദ്യോഗസ്ഥന്‍ കടയില്‍ ഇടയ്ക്കിടെ വരാറുണ്ട്. ഇയാള്‍ വന്നുപോയിക്കഴിഞ്ഞാല്‍ കടയില്‍ നിന്ന് പണം കുറയുന്നതായി സംശയം തോന്നിയതോടെയാണ് രഹസ്യമായി നിരീക്ഷിക്കാന്‍ കടയുടമ തീരുമാനിച്ചത്.
കഴിഞ്ഞ 24 ന് കടയിലെത്തിയ പൊലീസുകാരന്‍ ഒരു സോഡാ നാരങ്ങ വെള്ളം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. കടയുടമ നാരങ്ങ വെള്ളം എടുക്കുന്നതിനിടെ പണപ്പെട്ടിയില്‍ നിന്ന് 1000 രൂപ മോഷ്ടിച്ചു. ഇതോടെ കള്ളനെ കൈയ്യോടെ പിടികൂടി. എന്നാല്‍ കടയുടമയ്ക്ക് പണം നല്‍കി ഉദ്യോഗസ്ഥന്‍ തലയൂരാന്‍ ശ്രമിക്കുകയായിരുന്നു.