തിരുവനന്തപുരം: വിഴിഞ്ഞം സമരം രാജ്യദ്രോഹമെന്ന മന്ത്രി വി.അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്. മന്ത്രിയാണ് രാജ്യദ്രോഹിയെന്നും അദ്ദേഹം വിടുവായത്തം നിര്‍ത്തണമെന്നും ഫാ. തിയോഡോഷ്യസ് പറഞ്ഞു.
അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി. അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ മന്ത്രിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. പക്ഷെ അദ്ദേഹം തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണ്. രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അഴിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് നമ്മള്‍ കണ്ടു. അബ്ദുറഹ്മാനും സിപിഎം ഗുണ്ടകളുമാണ് അവിടെ അഴിഞ്ഞാടിയത്.
അതുകൊണ്ട് രാജ്യദ്രോഹികളെന്ന് ഞങ്ങളെ വിളിക്കാന്‍ മാത്രം തരംതാണുപോയ അബ്ദുറഹ്മാനാണ് രാജ്യദ്രോഹി. അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കണം. ഭാരതത്തിന്റെ ദേശീയ പതാക നേരെ ചൊവ്വേ പോലും ഉയര്‍ത്താനറിയാത്തവരാണ് രാജ്യദ്രോഹികള്‍. അതു ചെയ്തത് അവരില്‍ ഒരാളാണ്.
ദേശീയഗാനം അച്ചടക്കത്തോടു കൂടി പാടാന്‍ പഠിച്ചിട്ടുള്ളവരാണ് തങ്ങള്‍. അതറിഞ്ഞുകൂടെങ്കില്‍ അബ്ദുറഹ്മാന്റെ വിടുവായത്തം നിര്‍ത്തുകയോ മുഖ്യമന്ത്രി അബ്ദുറഹ്മാനെ പുറത്താക്കുകയോ ചെയ്യണമെന്നും ഫാ. തിയോഡോഷ്യസ് ആവശ്യപ്പെട്ടു.