കോഴിക്കോട്: ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണ യാത്രക്കാരി മരിച്ചു. കൊയിലാണ്ടി സ്വദേശിനി ഉഷയാണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലാണ് അപകടം നടന്നത്. ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്ന് രാവിലെ ഏഴുമണിയോടെ നരിക്കുനി ഇളയറ്റില്‍ റോഡില്‍ നെല്ലിയേരിത്താഴത്തായിരുന്നു അപകടം. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്.
വളവില്‍ വച്ചാണ് ഉഷ ബസില്‍ നിന്ന് വീണതും അപകടത്തില്‍പ്പെട്ടതും. ബസിനടിയില്‍പെട്ട ഇവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു. അതേസമയം ബസിന്റെ ഡോര്‍ അടച്ചിരുന്നെന്നും ഓട്ടോമാറ്റിക് ഡോര്‍ ആയതിനാല്‍ സ്വിച്ചില്‍ ആരുടെയോ കൈ തട്ടി ഡോര്‍ തുറന്നതാകാനാണ് സാധ്യതയെന്നും ബസിന്റെ കണ്ടക്റ്റര്‍ പ്രതികരിച്ചിട്ടുണ്ട്.