തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

കുമളി: തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇന്ന് 138.80 അടിയാണ് ജലനിരപ്പ്. അണക്കെട്ടില്‍ 142 അടിയാണ് സംഭരണ ശേഷിയായി നിജപെടുത്തിയിട്ടുള്ളത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇടമഴ ലഭിക്കുന്നതും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 

തമിഴ്‌നാട്ടിലേക്കു സെക്കന്റില്‍ 511 ഘനയടി വീതം ജലമാണ് ഇപ്പോള്‍ ഒഴുക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ സെക്കന്റില്‍ 1994 ഘനയടി വീതം ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 6824 മില്ല്യണ്‍ ഘനയടി ജലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലുണ്ടെന്നാണ് കണക്ക്. ഇന്നലെ പെരിയാറില്‍ അഞ്ച് മില്ലി മീറ്ററും തേക്കടിയില്‍ 6.8 മില്ലിമീറ്ററും മഴ രേഖപെടുത്തി. തമിഴ്‌നാട്ടിലെ തേനി, മധുര ജില്ലകള്‍ ജല സമൃദ്ധിയിലായതിനാല്‍ പരമാവധി വെള്ളം മുല്ലപ്പെരിയാര്‍ ഡാമില്‍ സംഭരിച്ച് നിര്‍ത്താനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.