തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ദൗര്‍ബല്യം കൊണ്ടാണ് വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്ന് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും തീര ഗവേഷകനുമായ എ.ജെ. വിജയന്‍. ഇടത് സര്‍ക്കാര്‍ മോഡിക്ക് പഠിക്കുകയാണ്. കര്‍ഷക സമരത്തോട് മോഡി സര്‍ക്കാര്‍ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ഷക സമരത്തില്‍ പങ്കെടുത്തവരാണ് ഇടതുപക്ഷം. കര്‍ഷക സമരം നടത്തിയവരെയും തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നുമാണ് ഭരണകൂടം വിളിച്ചത്. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അത്തരം നിലപാടിലേക്ക് പോകുന്നത് നിര്‍ഭാഗ്യകരമാണ്. തീവ്രവാദിയെന്ന് വിളിച്ചാലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ല.
എല്ലാ കാലത്തും വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്ത് എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സത്യം തുറന്ന് പറയുന്നത് കൊണ്ടാണ് തന്നോട് ശത്രുത. മന്ത്രിയുടെ സഹോദരന്‍ എന്ന പരിഗണന വേണ്ട. ഇതൊരു കുടുംബ പ്രശ്‌നമല്ല. ആന്റണി രാജു രാഷ്ട്രീയത്തിലും താന്‍ സാമൂഹ്യമേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ആന്റണി രാജു യു.ഡി.എഫിലും എല്‍.ഡി.എഫിലുമായിരുന്നപ്പോള്‍ താന്‍ വിഴിഞ്ഞം പദ്ധതിക്ക് എതിരായിരുന്നുവെന്നും എ.ജെ. വിജയന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.