തിരുവനന്തപുരം: നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
ഹാസ്യ റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ഏറെക്കാലം സജീവമായിരുന്നു നടന്‍ 250 ലേറെ സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍ വരുന്നതിനു മുന്‍പു നാടകത്തില്‍ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് അദ്ദേഹത്തിന്റെ ജനനം. പേയാട് ഗവ.സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി കോളജില്‍ നിന്ന് ബിരുദം നേടി.
സീരിയല്‍ താരം ഗിരിജയാണ് ഭാര്യ: മകന്‍: ഹരികൃഷ്ണന്‍.
ചെറുപ്പം മുതല്‍ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസില്‍വെച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എന്‍.കെ ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ് നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.
കെ.എസ് പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്. ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചു പ്രേമന്‍ എന്ന പേര് സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കു ശേഷമാണ് സംവിധായകന്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനില്‍ അഭിനയിച്ചു. തുടര്‍ന്ന് സിനിമയില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു.