കട്ടപ്പന: നീരൊഴുക്ക് ശക്തമായി തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലെത്തി. ഇതോടെ തമിഴ്‌നാട് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് കുറച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 139.55 അടിയായിരുന്ന ജലനിരപ്പ് വൈകിട്ട് ആറോടെയാണ് 140 അടിയില്‍ എത്തിയത്. 140 അടിയിലാണ് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നത്.
141ല്‍ രണ്ടും 142ല്‍ മൂന്നും ജാഗ്രാത നിര്‍ദേശം പുറപ്പെടുവിക്കും. മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞാല്‍ ഏതു സമയത്തു സ്പില്‍വേഷട്ടറുകള്‍ ഉയര്‍ത്തി ജലം ഇടുക്കിയിലേക്ക് തുറന്നു വിടാം.
വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അധികം ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിനു കഴിയുന്നില്ല. അണക്കെട്ട് സുരക്ഷിതമെന്ന് കാണിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന 142 അടിയില്‍ എത്തിച്ച് ജലനിരപ്പ് നില നിര്‍ത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് സെക്കന്റില്‍ 511 ഘനയടി വീതം ജലമാണ് തമിഴ് നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് 2001 ഘനയടിയായി വര്‍ധിച്ചു. ഇന്നലെ പെരിയാറില്‍ 2.4 മില്ലി മിറ്ററും തേക്കടിയില്‍ 3.8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. 7012 മില്ല്യണ്‍ ഘനയടി ജലം മുല്ലപ്പെരിയാര്‍ ജല സംഭരണിയിലുണ്ടെന്നാണ് തമിഴ്‌നാടിന്റെ കണക്ക്.