തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ചയും വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ശനിയാഴ്ച സംസ്ഥാനത്ത് ഉടനീളം മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഞായറാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും, ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മന്‍ഡ്രൂസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. വരും മണിക്കൂറുകള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറും. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഡിസംബര്‍ 12 നും ഡിസംബര്‍ 13 നും പോകാന്‍ പാടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.