കൊച്ചി: അടുത്ത നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ കെ റെയില്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ നിയമസഭാ മന്ദിരം വളയാന്‍ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതോടെയാണ് പുതിയ നീക്കം. പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് സമാഹരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കും.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ സമര സമിതിയെ പ്രേരിപ്പിച്ചത്.
കൊച്ചിയില്‍ 11 ജില്ലകളില്‍ നിന്നുള്ള സമരസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തിലാണ് സഭ വളയാനുള്ള തീരുമാനമെടുത്തത്. അടുത്ത സഭാ സമ്മേളനത്തിനിടെ നിയമസഭ വളഞ്ഞ് പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഒരു കോടിയിലധികം പേരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും നിവേദനമയക്കാനും തീരുമാനിച്ചു.