കോഴിക്കോട്: ബന്ദിപ്പൂരില്‍ ചരക്ക് ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനയുടെ ജഡം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിന് അടുത്താണ് അപകടം നടന്നത്.
ചരക്കുലോറി ഇടിച്ച് ആന ചരിയുകയായിരുന്നു. രാത്രിയാത്രാ നിരോധനം ഉള്ള പാതയാണിത്. വന്യജീവികളുടെ സംരക്ഷണം കണക്കിലെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.