മതില്‍ നിര്‍മാണ ഫണ്ട് വകമാറ്റി: ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന

മതില്‍ നിര്‍മാണ ഫണ്ട് വകമാറ്റി: ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണാനുമതി ഇല്ലാതെ ഫണ്ട് വകമാറ്റി ഉപയോഗിച്ച സംഭവത്തില്‍ ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന. തൃശൂര്‍ പോലീസ് അക്കാദമിയിലെ മതില്‍ നിര്‍മാണത്തിന്റെ ഫണ്ടാണ് വകമാറ്റി ഉപയോഗിച്ചത്.

ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് വിമര്‍ശനം. പോലീസ് അക്കാദമിയിലെ മതില്‍ നിര്‍മാണത്തിനായി 20 ലക്ഷം രൂപയാണ് ആഭ്യന്തരവകുപ്പ് അനുവദിച്ചത്.

മതില്‍ നിര്‍മാണത്തിന് ശേഷം അതില്‍ നാലു ലക്ഷം രൂപ ബാക്കി വന്നിരുന്നു. ഇത്തരത്തില്‍ വന്ന അധിക തുകയാണ് വകമാറ്റി മറ്റുചില കാര്യങ്ങള്‍ക്കായി ഉപയോഗിച്ചത്.

ഇതിനുശേഷം ഈ ഫണ്ട് ചിലവാക്കിയതില്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഡിജിപി കത്ത് നല്‍കി. ഇതിലാണ് ശക്തമായ താക്കീതുമായി ആഭ്യന്തരവകുപ്പ് രംഗത്തുവന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.