കൊച്ചി: പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെ മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നടനും നിര്‍മാതാവുമായ പൃഥിരാജ് നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായാണ് ഒരേസമയം പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെ 7.45നാണ് റെയ്ഡ് ആരംഭിച്ചത്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. വിവിധ ഡിജിറ്റല്‍ രേഖകളും പണമിടപാട് രേഖകളും സംഘം പിടിച്ചെടുത്തതായാണ് വിവരം.
നികുതി വകുപ്പിന്റെ കേരള, തമിഴ്‌നാട് ടീമുകളാണ് പരിശോധന നടത്തിയത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ ആറ് ടാക്സി കാറുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്.