തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ക്ലിമ്മിസുമായി കൂടിക്കാഴ്ച്ച നടത്തി. ക്രൈസ്തവ സഭകള്‍ ആരംഭിച്ച പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോര്‍ട്ട്.
കര്‍ദിനാളിനെ കണ്ടതിന് പിന്നാലെ ബഫര്‍സോണില്‍ ഒരു ആശങ്കയും ഇല്ലെന്നായിരുന്നു റോഷി അഗസ്റ്റിന്‍ പറഞ്ഞത്. ഫീല്‍ഡ് സര്‍വേ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കര്‍ദിനാളിനെ കണ്ടത് ക്രിസ്തുമസ് ആശംസ അറിയിക്കാനെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ ബഫര്‍ സോണ്‍ ആശങ്ക തീര്‍ക്കാനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍ ചേരുന്നുണ്ട്. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും ഇന്ന് ചേരും.
സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കാന്‍ അനുവാദവും തേടും.
ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. ഇടുക്കി ജില്ലയിലെ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയിലെ അപാകത കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും.