കോട്ടയം: കോട്ടയത്ത് അയര്‍ക്കുന്നം പാദുവ പന്നഗംതോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിങ് വിദ്യര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പളളി സ്വദേശികളായ അജ്മല്‍(21), വജന്‍(21) എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവന്‍കൂര്‍ കോളേജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പാദുവയിലുളള സഹപാഠിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.
വീടിന്റെ ഒരു കിലോമീറ്റര്‍ അകലെയുള്ള പന്നഗം തോട് സന്ദര്‍ശിക്കാനായി തിരിച്ച ഇവര്‍ മുടപ്പാല കടവ് ഭാഗത്താണ് എത്തിയത്. ചെക്ക്ഡാമിന്റെ കല്‍ക്കെട്ടിലൂടെ ചെറിയ വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുറേനേരം കളിച്ചിരുന്ന അജ്മലും വജനും കാല്‍ വഴുതി തോടിന്റെ കയത്തിലേക്കു മുങ്ങി താഴുകയായിരുന്നു.
വെള്ളത്തിനടിയിലേക്കു പോയവര്‍ കുറച്ചു നേരം ആയിട്ടും ഉയര്‍ന്നു വരാത്തതിനെത്തുടര്‍ന്നു കരയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരം അറിയിച്ചു. അയര്‍ക്കുന്നം പൊലീസും പാമ്പാടിയില്‍നിന്നു അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ 4 ആള്‍ താഴ്ചയുള്ള കയത്തില്‍ നിന്നാണ് ഇരുവരെയും ഉയര്‍ത്തിയെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.