കോവിഡ് വ്യാപനം: ആശങ്കയില്ല; ആഘോഷ ദിനങ്ങളില്‍ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോവിഡ് വ്യാപനം: ആശങ്കയില്ല; ആഘോഷ ദിനങ്ങളില്‍ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. പൊതു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായോയെന്ന് സംസ്ഥാന തലത്തില്‍ പരിശോധിക്കും. പുതിയ വകഭേദങ്ങള്‍ ഉണ്ടായോ എന്നറിയാന്‍ പരിശോധന കൂടുതല്‍ ആയി നടത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ചൈനയെ അപേക്ഷിച്ച് കേരളത്തില്‍ വാക്‌സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 ശതമാനം പേര്‍ ഒന്നാം ഡോസ് വാക്‌സിനും, 88.55 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും, മുന്നണി പോരാളികളില്‍ 19.30 ശതമാനം പേര്‍ കരുതല്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്‌സിനേഷനിലും സംസ്ഥാനം മുന്നിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കും. വ്യാപനശേഷി കൂടുതലുള്ള വകഭേദം മറ്റ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.