തൃശൂര്‍: ഭിന്ന ശേഷിക്കാരനായ ഒന്‍പതു വയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. തൃശൂര്‍ പോര്‍ക്കുളത്താണ് സംഭവം നടന്നത്. മടപ്പാട്ട്പറമ്പില്‍ മുഹമ്മദ് ഫൈസലിനാണ് നായയുടെ കടിയേറ്റത്.
വീടിനു സമീപം കളിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് നായയുടെ ആക്രമണം ഉണ്ടായത്. കേള്‍വി ശക്തി ഇല്ലാത്തതിനാല്‍ നായ കുരച്ചുകൊണ്ട് വന്നത് കുട്ടി അറിഞ്ഞിരുന്നില്ല.
കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരക്കാണ് സംഭവം. പോര്‍ക്കുളം സെന്ററിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന അഫ്‌സല്‍-ആബിദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫൈസല്‍.
അഫ്‌സലും ആബിദയും ഫൈസലും ഭിന്നശേഷിക്കാരാണ്. ഫൈസലിന്റെ കൈയ്ക്കും മുഖത്തും കഴുത്തിലും ചുണ്ടിലുമാണ് പരിക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് നായയെ തുരത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.