ജനുവരിയിലെ റേഷന്‍ വ്യാഴാഴ്ച മുതല്‍; റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി

ജനുവരിയിലെ റേഷന്‍ വ്യാഴാഴ്ച മുതല്‍; റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. നേരത്തെ
ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ നീട്ടിയതായി സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയെങ്കിലും തിങ്കളാഴ്ചയോടെ വിതരണം അവസാനിപ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍ കൊണ്ടുവന്ന നയപരമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിനെ തുടര്‍ന്നാണിതെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിവരുന്ന പി.എം.ജി.കെ.എ.വൈ വിഹിതം ഡിസംബറില്‍ വാങ്ങാത്തവര്‍ക്ക് ജനുവരി 10 വരെ അവസരമുണ്ടാകും.

ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ജനുവരി നാലുമുതല്‍ ജനുവരി മാസത്തെ സാധാരണ റേഷനും ഡിസംബര്‍ മാസത്തെ പി.എം.ജി.കെ.എ.വൈയും വിതരണം ആരംഭിക്കും.

പുതിയ തീരുമാനത്തോടെ ലക്ഷക്കണക്കിന് പേര്‍ക്ക് ഡിസംബറിലെ റേഷന്‍ നഷ്ടമാകും. 93 ലക്ഷം കാര്‍ഡ് ഉടമകളില്‍ സാധാരണ 85 ശതമാനത്തോളം അതാത് മാസം റേഷന്‍ വാങ്ങാറുണ്ട്.

ഇക്കുറി ഇതുവരെ 77.74 ശതമാനം പേര്‍ മാത്രമേ വാങ്ങിയിട്ടുള്ളൂ. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ എട്ട് ശതമാനത്തോളം പേര്‍ക്ക് റേഷന്‍ വാങ്ങാനായിട്ടില്ല. ഇ-പോസ് യന്ത്രത്തകരാര്‍മൂലമാണ് റേഷന്‍ വിതരണം സംസ്ഥാന സര്‍ക്കാര്‍ നീട്ടിനല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.