തിരുവനന്തപുരം: സജി ചെറിയാന്റെ സത്യ പ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയതിനു പിന്നാലെ ഗവര്‍ണറുമായുള്ള പോര് അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സര്‍ക്കാര്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. ഗവര്‍ണറുമായി തല്‍കാലം പോര് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ വിയോജിപ്പോടെ ആണെങ്കിലും അനുമതി നല്‍കിയതോടെയാണ് സര്‍ക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്.
ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവര്‍ണറെ അറിയിക്കാന്‍ തീരുമാനിച്ചു. ക്യാബിനറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബര്‍ 13 ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനമായിരുന്നു ഇത്. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സര്‍ക്കാര്‍ നീക്കം.
എന്നാല്‍ നിയമസഭാ സമ്മേളനം തീര്‍ന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാവും ബജറ്റ് അവതരിപ്പിക്കുക എന്നുറപ്പായി. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വളരെ മോശം ബന്ധമാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായിരുന്നത്. വിവിധ വിഷയങ്ങളില്‍ അടിച്ചും തിരിച്ചടിച്ചും ഇരുകൂട്ടരും മുന്നോട്ട് നീങ്ങുകയായിരുന്നു.