ന്യൂഡല്‍ഹി: ബസുകളുടെ ഏത് വശത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കീം നല്‍കാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സ്‌കീമില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി വച്ചത് വന്‍ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ കെഎസ്ആര്‍ടിസി ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. മുന്‍ സുപ്രിം കോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.