ചാല്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലേക്ക്; സര്‍ക്കാര്‍- ഗവര്‍ണര്‍ ബന്ധം വഷളാകുമെന്ന് ആശങ്ക

ചാല്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലേക്ക്; സര്‍ക്കാര്‍- ഗവര്‍ണര്‍ ബന്ധം വഷളാകുമെന്ന് ആശങ്ക

തിരുവനന്തപുരം: ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍- ഗവര്‍ണര്‍ വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയില്‍ രാഷ്ട്രീയ കേരളം.

ചാന്‍സലര്‍ ബില്‍ ഒഴികെയുള്ള ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചിരുന്നു. തനിക്ക് മുകളില്‍ ഉള്ളവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ചാന്‍സലര്‍ ബില്ലില്‍ ഗവര്‍ണറുടെ പ്രതികരണം.

ഇതോടെയാണ് തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയിലേക്കാണെന്ന സൂചന പുറത്തു വന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ല എന്നാണ് ഗവര്‍ണരുടെ നിലപാട്.

സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ ഉണ്ടായ താല്‍ക്കാലിക സമവായതിന്റെ ഭാവി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും. ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലില്‍ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

പിന്നാലെ ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമപദേശം തേടുകയും ചെയ്തു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടര്‍ തീരുമാനം.

രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ബില്ലില്‍ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിര്‍ണ്ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.