ലോകത്തിലെ വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ

ലോകത്തിലെ വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ജനുവരി മുതല്‍ നവംബര്‍ വരെ ഏകദേശം 4.13 ദശലക്ഷം പുതിയ വാഹനങ്ങളാണ് ഇന്ത്യയില്‍ നിരത്തിലിറങ്ങിയത്.

ഇക്കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 4.25 ദശലക്ഷം യൂണിറ്റിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. അതേസമയം ടാറ്റാ മോട്ടോഴ്‌സും മറ്റു വാഹന നിര്‍മ്മാതാക്കളും അവരുടെ വര്‍ഷാവസാന ഫലങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ മൂന്നാം പാദത്തിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ നാലാം പാദത്തിലെ കണക്കുകള്‍ പുറത്തു വരുന്നതോടെ ഇന്ത്യയിലെ വാഹന വില്‍പ്പനയുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാഹന വിപണി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അതേസമയം വാഹന വിപണിയിലെ എക്കാലത്തെയും സാന്നിധ്യമായ ജപ്പാന്‍ 4,201,321 വാഹനങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. 2021 ലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 5.6 ശതമാനത്തിന്റെ ഇടിവാണ് 2022 ല്‍ രേഖപ്പെടുത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.