ന്യൂഡല്‍ഹി: വിദേശത്തേക്ക് വന്‍തോതില്‍ പണമയച്ച സ്ഥാപനങ്ങള്‍ക്ക് കുരുക്കു മുറുകുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. രാജ്യത്തെ 394 കമ്പനികള്‍ക്കെതിരെയാണ് അന്വേഷണം.
സ്ഥാപനങ്ങളുടെ വിറ്റുവരവുമായി പൊരുത്തപ്പെടാത്ത പണം കൈമാറലാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലായ പശ്ചാത്തലത്തില്‍ വിദേശ സംഭാവനകളും പണം കൈമാറലും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിറ്റുവരവും വിദേശത്തേക്ക് അയച്ച തുകയും തമ്മില്‍ വ്യക്തമായ ബന്ധമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം. ചരക്കുകൂലി, സോഫ് വെയര്‍ ഇറക്കുമതി, കണ്‍സള്‍ട്ടിങ് സേവനങ്ങള്‍ എന്നിവയ്ക്കായുള്ള പണമടയ്ക്കല്‍ എന്ന പേരിലാണ് പലതും നടന്നിരിക്കുന്നത്. പരിശോധനയില്‍ ഇവ വ്യാജമാണെന്ന് തെളിഞ്ഞു.
പണമയച്ച ചില സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. വ്യാജ സംഭാവനകള്‍ നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ചില ചാരിറ്റബിള്‍ ട്രസ്റ്റുകളെക്കുറിച്ച് നടത്തിയ തിരച്ചിലിനിടെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വന്നത്. വിദേശത്തേക്ക് പണമയക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ആദായ നികുതി വകുപ്പിന്റെ റഡാറിലാണ്.
കുറച്ചുപേര്‍ തന്നെ വലിയ തോതില്‍ സര്‍ട്ടിഫിക്കറ്റുകള്‍ (Form 15CB/Form 146) നല്‍കിയിട്ടുള്ളതായി കണ്ടെത്തി. ഇടപാടുകളുടെ സത്യാവസ്ഥ പരിശോധിക്കുന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയോ എന്ന് വകുപ്പ് പരിശോധിച്ചു വരുന്നു. പണമയക്കുന്നതിന് മുമ്പ് ഇടപാടിന്റെ സ്വഭാവം, ബാധകമായ നികുതി നിരക്ക്, സ്രോതസ്സില്‍ കുറച്ച നികുതി (ടി.ഡി.എസ്) എന്നിവ പരിശോധിക്കേണ്ടത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അക്കൗണ്ടന്റുമാരുടെ ഉത്തരവാദിത്തമാണ്.
ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്ന പുതിയ ഇന്‍കം ടാക്‌സ് ആക്ട് 2025 പ്രകാരം വിദേശ പണമയക്കലുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. പഴയ നിയമത്തിലെ 'Form 15CB'-ക്കു പകരമായി 'Form 146'-ഉം, 'Form 15CA'-ക്കു പകരമായി 'Form 145'-ഉം നിലവില്‍ വന്നു.
ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് പുറത്തുള്ള വ്യക്തിക്കോ വിദേശ കമ്പനിക്കോ നടത്തുന്ന നികുതി ബാധകമായ പണമടയ്ക്കല്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സാക്ഷ്യപത്രത്തോടു കൂടിയ 'Form 146' നിര്‍ബന്ധമാണ്.
വിദേശ സംഭാവനകള്‍ നിയന്ത്രിക്കുന്നതിനായി 'Foreign Contribution (Regulation) Amendment Bill, 2026' പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. എഫ്.സി.ആര്‍.എ. (FCRA) രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുന്ന സംഘടനകളുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തെ നികുതി സംവിധാനം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം. വിദേശ പണമയക്കലുകളില്‍ സുതാര്യത ഉറപ്പാക്കാനും സാമ്പത്തിക ക്രമക്കേടുകള്‍ തടയാനുമാണ് ആദായനികുതി വകുപ്പ് ലക്ഷ്യമാക്കുന്നത്. നിലവിലെ അന്വേഷണം കൂടുതല്‍ സ്ഥാപനങ്ങളിലേക്കും പ്രൊഫഷണലുകളിലേക്കും വ്യാപിപ്പിക്കും എന്നും അറിയുന്നു.