തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഏകദിന മത്സരവുമായി ബന്ധപ്പെട്ട ടിക്കറ്റ് വിവാദത്തില്‍ വിശദീകരണം തേടി ബിസിസിഐ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് വിശദീകരണം തേടിയത്.
അതേസമയം അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പറഞ്ഞു. പണമില്ലാത്തവര്‍ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് മത്സരം കാണണ്ട എന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തിയിരുന്നു. തെറ്റിദ്ധാരണയാണ് ഇതെന്നും അത് മാറ്റട്ടെ എന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
കെസിഎ ഇതില്‍ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും കായിക വികസനത്തിനു വേണ്ടി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മത്സരത്തിനുള്ള ടിക്കറ്റും നിരക്കും വിനോദ നികുതിയും വളരെ കൂടുതലാണെന്നായിരുന്നു വിമര്‍ശനം. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഈ മാസം 15 നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം കാര്യവട്ടത്ത് നടക്കുന്നത്.