കൊച്ചിയില്‍ 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി; എത്തിച്ചത് ഷവര്‍മ ഉണ്ടാക്കാന്‍

കൊച്ചിയില്‍ 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി; എത്തിച്ചത് ഷവര്‍മ ഉണ്ടാക്കാന്‍

കൊച്ചി: ഷവര്‍മ ഉണ്ടാക്കാന്‍ എത്തിച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശേരി കൈപ്പടമുഗളിലെ സെന്‍ട്രല്‍ കിച്ചണില്‍ നിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയില്‍ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു.

പാലക്കാട് സ്വദേശി ജുനൈദിന്റെ ഉടമസ്ഥതയിലാണ് കളമശേരിയിലെ സ്ഥാപനം. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിനാണ് മാംസം തമിഴ്നാട്ടില്‍ നിന്നും എത്തിച്ചത്. ഇവിടെ നിന്നും 150 കിലോ ഗ്രാം പഴകിയ എണ്ണയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

കളമശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തിലായിരുന്നു പരിശോധന. സ്ഥാപനത്തില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാര്‍ ആരും പരിശോധന നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.

ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആറ് മാസമായി ഈ സ്ഥാപനത്തില്‍ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയും ഇവിടെ നിന്നും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി കൊണ്ടു പോയിരുന്നുവെന്ന് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.