തൃശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ പത്ത് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് കോടതി നിര്‍ദേശം.
നിക്ഷേപകരുടെ പണം ബിസിനസില്‍ നിക്ഷേപിച്ചതായി റാണ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്‌ഐയെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.
ചോരന്‍ എന്ന ചിത്രം സംവിധാനം ചെയ്ത എഎസ്‌ഐ സാന്റോ അന്തിക്കാടിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജി ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
പ്രവീണ്‍ റാണയുടെയുടെയും ബിനാമികളുടെയും പേരിലുള്ള പന്ത്രണ്ട് വസ്തുവകകള്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മുംബൈയിലെ അയാന്‍ വെല്‍നെസില്‍ റാണ പതിനാറ് കോടിയാണ് നിക്ഷേപിച്ചത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലാണ് ബിനാമി ഇടപാടുകള്‍ കണ്ടെത്തിയത്.
റാണയുടെ കേരളത്തിലെ ഓഫീസുകളിലും വീടുകളിലും അടുത്ത കൂട്ടാളികളുടെ വീടുകളിലും പൊലീസ് സംഘം നടത്തിയ റെയ്ഡുകളില്‍ നിക്ഷേപം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്ത പണമുപയോഗിച്ച് റാണ സ്വന്തം പേരിലും കൂട്ടാളികളുടെ പേരിലും വസ്തുവകകള്‍ സ്വന്തമാക്കുകയും ഡാന്‍സ് ബാറുകളില്‍ നിക്ഷേപം നടത്തുകയും ചെയ്തതായി കണ്ടെത്തി.