ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം; ദേവന്‍ രാമചന്ദ്രന്‍ ഇനി സര്‍വകലാശാല, കെഎസ്ആര്‍ടിസി വിഷയങ്ങള്‍ പരിഗണിക്കില്ല

ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം; ദേവന്‍ രാമചന്ദ്രന്‍ ഇനി സര്‍വകലാശാല, കെഎസ്ആര്‍ടിസി വിഷയങ്ങള്‍  പരിഗണിക്കില്ല

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചില്‍ നിന്നും കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ മാറ്റി. ജസ്റ്റിസ് സതീഷ് നൈനാന്‍ ആണ് ഈ വിഷയങ്ങള്‍ ഇനി പരിഗണിക്കുക. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് അപ്പീല്‍, കമ്പനി കേസുകളുടെ ചുമതല നല്‍കി.

പൊലീസ് അതിക്രമം സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും നേരത്തെ അദ്ദേഹത്തെ മാറ്റിയിരുന്നു. ജസ്റ്റിസ് എന്‍. നഗരേഷ് പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും ജസ്റ്റിസ് സിയാദ് റഹ്മാന്‍, ജസ്റ്റിസ് കെ. ബാബു തുടങ്ങിയവര്‍ ജാമ്യ ഹര്‍ജികളും പരിഗണിക്കും.

ഓരോ ആറ് മാസത്തിനിടയിലും ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്താറുണ്ട്. ഹൈക്കോടതിയിലെ രണ്ട് ജീവനക്കാര്‍ക്ക് വിരമിക്കലിന് ശേഷം സര്‍വീസില്‍ തുടരാന്‍ അനുമതി നല്‍കുകയും ഉത്തരവ് തിരുത്തുകയും ചെയ്ത ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.