സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ഇന്ന് കൊച്ചിയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ഇന്ന് കൊച്ചിയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ഇന്ന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിച്ചവരാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മൈതാനിയില്‍ ഒത്തുചേരുന്നത്. എട്ട് മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച കേരളത്തിന്റെ സംരംഭക വര്‍ഷം പദ്ധതി ദേശീയ അംഗീകാരം നേടിയിരുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ട സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഇതുവരെയായി ഒരു ലക്ഷത്തി ഇരുപത്തരണ്ടായിരത്തി എണ്‍പത് സംരംഭങ്ങളും 7462.92 കോടിയുടെ നിക്ഷേപവും 2,63,385 തൊഴിലും ഉണ്ടായതായാണ് സര്‍ക്കാര്‍ കണക്ക്.

സംരംഭകര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവരുടെ പദ്ധതികളുടെ വിപുലീകരണത്തിന് ആവശ്യമായ സഹായം ലഭ്യമാക്കാനുമാണ് സംരംഭക സംഗമം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായാണ് സംഗമം.

ജനപ്രതിനിധികള്‍ക്ക് പുറമെ വ്യവസായ വാണിജ്യ സംഘടനകളുടെ ഭാരവാഹികളും പ്രമുഖ സംരംഭകരും സംഗമത്തില്‍ പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.