തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.
ഇതിന്റെ സ്വാധീന ഫലമായി മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
മുന്നറിയിപ്പുള്ള തീയതികളിൽ ഈ പ്രദേശത്ത് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിക്കുന്നു.