നിശ്ചിത തൊഴില്‍ കരാറുകളിലേക്ക് മാറാനുളള സമയ പരിധി നീട്ടി

നിശ്ചിത തൊഴില്‍ കരാറുകളിലേക്ക് മാറാനുളള സമയ പരിധി നീട്ടി

ദുബായ്: രാജ്യത്തെ സ്വകാര്യകമ്പനികള്‍ക്ക് നിശ്ചിത തൊഴില്‍ കരാറുകളിലേക്ക് മാറാനുളള സമയ പരിധി യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയം നീട്ടി. ഡിസംബർ 31 നകം അനിശ്ചിത കരാറുകളില്‍ നിന്ന് നിശ്ചിത കരാറുകളിലേക്ക് മാറാനുളള സമയപരിധി ഫെബ്രുവരി രണ്ടില്‍ നിന്ന് ഡിസംബർ 31 ലേക്കാണ് നീട്ടിയത്. സ്വകാര്യകമ്പനികള്‍ക്ക് കരാറുകള്‍ മാറ്റാന്‍ മതിയായ സമയം നല്‍കുകയെന്നുളളത് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ ഗുണപ്രദമാകുന്നതാണ് നിയമം. 2022 ഫെബ്രുവരി 2 മുതലാണ് പുതിയ തൊഴില്‍ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്.പുതിയ മാറ്റമനുസരിച്ച് കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഒപ്പിട്ട തൊഴില്‍ കരാറുകള്‍ മാറ്റി, ഒരു നിശ്ചിത കാലയളവിലേക്ക് നല്‍കണം. പരമാവധി മൂന്ന് വർഷത്തേക്കായിരിക്കണം കരാർ. ഇരു കക്ഷികളുടേയും സമ്മതപ്രകാരം കുറഞ്ഞ കാലയളവിലേക്കും കരാർ ആകാം. കരാർ നീട്ടാനും പുതുക്കാനും സാധിക്കും. സമയപരിധി കഴിഞ്ഞിട്ടും കരാര്‍ മാറ്റാത്തവര്‍ക്കെതിരെ പിഴ ചുമത്തും.

അതേസമയം ഫ്രീലാന്‍സ് വിസ, ഗോള്‍ഡന്‍ വിസ, ഗ്രീന്‍ റെസിഡന്‍സ് വിസ തുടങ്ങി സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള വിസക്കാര്‍ക്ക് കമ്പനികളുമായി ഹ്രസ്വകാല തൊഴില്‍ കരാറുണ്ടാക്കി ജോലി ചെയ്യാനുളള സൗകര്യവും യുഎഇ നല്‍കുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്കും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായ് ഇന്‍റർ നാഷണല്‍ ഫിനാന്‍ഷ്യന്‍ സെന്‍റർ എന്നിവിടങ്ങളിലുള്ളവർക്കും ഈ നിയമം ബാധകമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.