പാലക്കാട്: ധോണിയില്‍ ഇന്നലെ പുലര്‍ച്ചെ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാപ്പറമ്പ്, അരിമണി, ചോളോട് എന്നിവിടങ്ങളിലാണ് രണ്ടു കൊമ്പനും ഒരു പിടിയും രണ്ടു കുട്ടികളുമായി എത്തിയത്. നാട്ടുകാര്‍ പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.
പാപ്പറമ്പ് ആര്‍. വേലായുധന്‍, ആരിമണിയിലെ കെ. സുകുമാരന്‍ എന്നിവരുടെ നെല്‍പാടവും തെങ്ങുകളും നശിപ്പിച്ചു. ഒരു മണിക്കൂറോളം ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം പിന്നീട് വരക്കുളം ഭാഗത്തെ കുറ്റിക്കാട്ടിലേക്കു പോയി. ധോണി കൊമ്പനെ പിടിച്ചതു കൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കില്ലെന്നും ശല്യക്കാരായ മറ്റ് ആനകളെക്കൂടി പിടിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.