ന്യൂമോണിയ ചികിത്സ; ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂമോണിയ ചികിത്സ; ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ന്യൂമോണിയ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സാ നിഷേധ വിവാദങ്ങള്‍ക്കിടെയാണ് ഉമ്മന്‍ചാണ്ടിയെ നെയാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തെ ബംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരന്‍ അലക്‌സ് വി. ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തില്‍ കൂടിയാണിത്.

ഇന്നലെയാണ് അലക്‌സ് വി. ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയില്‍ അലക്‌സ് വി. ചാണ്ടി ആരോപിച്ചത്.

പരാതി നല്‍കിയ ശേഷം പിന്‍വലിപ്പിക്കാന്‍ പലരെ കൊണ്ടും തനിക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അലക്‌സ് വി. ചാണ്ടി കുറ്റപ്പെടുത്തി. ഇളയ മകള്‍ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാദം കത്തി നില്‍ക്കുന്നതിനിടെ എ.കെ. ആന്റണിയും എം.എം. ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.