തിരുവനന്തപുരം: വിദഗ്ദ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ഉമ്മന്‍ചാണ്ടി.
അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സയ്ക്കു വേണ്ടിയാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉമ്മന്‍ചാണ്ടിയെ മാറ്റുന്നത്. കോണ്‍ഗ്രസ് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണാണ് വേണുഗോപാല്‍ രാവിലെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ എത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ തുടര്‍ ചികിത്സയുടെ മുഴുവന്‍ ചെലവും കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കും.
നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് എഐസിസി സജ്ജമാക്കിയ ചാര്‍ട്ടേഡ് വിമാനത്തിലാകും ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുക എന്നാണ് വിവരം.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത് എന്നും രേഖകള്‍ വരെ ഇതിനായി കെട്ടിച്ചമച്ചെന്നും മകന്‍ ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം താന്‍ വൈകാതെ വെളിപ്പെടുത്തുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.