കൊച്ചി: പി.ടി. തോമസിനോട് കോണ്‍ഗ്രസ് പാര്‍ട്ടി അന്യായം കാണിച്ചെന്ന് ശശി തരൂര്‍ എംപി. അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും പാര്‍ട്ടി സീറ്റ് കൊടുക്കാതിരുന്നത് തനിക്ക് അന്യായമായി തോന്നിയെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.
പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ മാത്രമാണ് അദ്ദേഹത്തിന് വീണ്ടും പാര്‍ട്ടി ടിക്കറ്റ് കൊടുക്കാതിരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊച്ചിയില്‍ ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവന്‍ എന്റെ പ്രിയ പി.ടി എന്ന സ്മരണിക അദ്ദേഹം പ്രകാശനം ചെയ്തു. പി.ടിയുടെ ഭാര്യ ഉമാ തോമസ് എംഎല്‍എ, വേണു രാജാമണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഇടുക്കിയില്‍ നിന്നുള്ള സിറ്റിങ് എംപിയായിരുന്ന പി.ടി. തോമസിന് 2014 ല്‍ സീറ്റ് നിഷേധിച്ചിരുന്നു. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു പി.ടി. തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്.