നിര്‍ത്തിയിട്ട ലോറിയിലെ കമ്പികള്‍ കുത്തിക്കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

നിര്‍ത്തിയിട്ട ലോറിയിലെ കമ്പികള്‍ കുത്തിക്കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തൃശൂര്‍: ദേശീയ പാതയില്‍ ചെമ്പൂത്ര ഭാഗത്ത് കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്റെ മകന്‍ ശ്രദേഷ് (21) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 4.15 ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയ പാത ആരംഭിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇത് അറിയാതെയാണ് ബൈക്ക് യാത്രക്കാരന്‍ ലോറിക്ക് പുറകില്‍ ഇടിച്ച് കയറിയത്.

അപകടം ഉണ്ടായ ഉടന്‍ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ തന്നെ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ വാഹനത്തില്‍ ഇരുമ്പ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ, വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകട സൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല.

ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയതാണെന്നാണ് ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.