സിസ തോമസിന്റെ നിയമനം താല്‍ക്കാലികം; വിസിയെ നിയമിക്കേണ്ടത് സര്‍ക്കാരെന്ന് ഹൈക്കോടതി

സിസ തോമസിന്റെ നിയമനം താല്‍ക്കാലികം; വിസിയെ നിയമിക്കേണ്ടത് സര്‍ക്കാരെന്ന് ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി സിസ തോമസിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചത് താല്‍ക്കാലികമെന്ന് ഹൈക്കോടതി. വിസിയെ നിയമിക്കേണ്ടത് സര്‍ക്കാരാണെന്നും നിയമനവുമായി സര്‍ക്കാരിനു മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സിസ തോമസിന്റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. ഇതു ചട്ടപ്രകാരമുള്ള നടപടികള്‍ പാലിച്ചുള്ള നിയമനമല്ല. പ്രത്യേക സാഹചര്യത്തിലുള്ള നിയമനമായതിനാല്‍ അതില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

സിസ തോമസിന്റെ നിയമനം ശരിവച്ചതിനൊപ്പം സ്ഥിരം നിയമനത്തിനായി പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അസ്ഥിരപ്പെടുത്തി. ഗവര്‍ണര്‍ പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.