കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ ഇടിക്കാന്‍ ശ്രമിച്ചെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം റിജിന്‍ രാജ് ആണ് കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.
മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരക്കണ്ടിയില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. നികുതി വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, പ്രതിഷേധം തുടരാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. അതിനിടെ കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി.
പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടിച്ച് കാണിച്ചതിന് അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി.